നെടുമങ്ങാട്: വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെക്കണ്ട് ഓടിയ യുവാവി നു കുഴിയിൽവീണു പരിക്കുപറ്റി. ആര്യനാട് വിനോബാനികേതൻ മണ്ണാറം എം.ആർ. ഹൗസിൽ ബൈജുമോന്‍ (46) ആണ് കാലിന് ഗുരുതര പരിക്കേറ്റത്. എക് സൈസ് ഉദ്യോഗസ്ഥർ നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയ ബൈജു വീടിനുള്ളിൽ എക് സൈസ് ഉദ്യോഗസ്ഥരെക്കണ്ട് പുറത്തേയ്ക്കിറങ്ങി ഓടുകയായിരുന്നു. വീടിന് സമീപത്തെ മുള്ളുവേലി ചാടിക്കടന്നു പോകുന്നതിനിടെ ബൈജു കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ എക്സൈസ് സംഘം 108 ആംബുലൻസ് എത്തിച്ച് ഭാര്യക്കൊപ്പം കയറ്റി മെഡിക്കൽ കോളെജിലേയ്ക്ക് അയച്ചു.
നെടുമങ്ങാട് എക്സൈസ് സംഘമാണ് വന്നതെന്നും ഭാര്യയിൽനിന്നും ചില വെള്ളപേപ്പറുകളിൽ സംഘം ഒപ്പിട്ടുവാങ്ങിയെന്നും ബൈജു പറയുന്നു.ബൈജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.